ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവതികൾ പിടിയിൽ
തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു യുവതികൾ പിടിയിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ(27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെഅപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികളുടേത്.പരാതി നൽകാതിരിക്കാനായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് നിരവധി തവണ ഡോക്ടറെ ഇവർ വാട്സ് ആപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഡോക്ടർക്ക് പ്രതികൾ അയക്കുന്ന മെസേജുകൾക്ക് പോലീസ് മറുപടി നൽകാൻ തുടങ്ങി. ആവശ്യപ്പെട്ട തുക നൽകാമെന്ന് അറിയിച്ചതോടെ ബെംഗളൂരുവിൽ ഒരു യുവതി എത്തുമെന്ന് അറിയിച്ചു. തുടർന്ന് പണം കൈപ്പറ്റാൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ നിസയെ പോലീസ് പിടികൂടി. പിന്നാലെ കൂട്ടാളി നൗഫിയെയും പോലീസ് വലയിലാക്കി. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ സി ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.