ചെള്ളുപനി ബാധിച്ചു മരിച്ച അശ്വതിക്ക് മിന്നുന്ന വിജയം

തിരുവനന്തപുരം: വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ച അശ്വതി പക്ഷേ തൻ്റെ മിന്നുന്ന വിജയം കാണാതെ മാഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിൽ ചെള്ളുപനി ബാധിച്ചു മരിച്ച വർക്കല അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ ഷാജി ദാസ്, അനിതകുമാരി ദമ്പതികളുടെ ഇളയ മകൾ അശ്വതി(15) എ.എസ് ആണ് തൻ്റെ മിന്നുന്ന വിജയം കാണാതെ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.

ഇന്ന് അശ്വതി ഉണ്ടായിരുന്നെങ്കിൽ അവളുടെ വിജയം ആഘോഷിക്കേണ്ട വീട്ടിൽ അശ്വതിയുടെ വിയോഗത്തിൻ്റെ ഞെട്ടൽ മാറാതെ കഴിയുകയാണ് മാതാപിതാക്കൾ. നല്ല മാർക്ക് നേടി എസ്.എസ്. എൽ.സി വിജയിക്കുമെന്ന് അശ്വതി വീട്ടുകാരോട് പറഞ്ഞിരുന്നു. തൻ്റെ വാക്ക് പാലിച്ച അശ്വതി പക്ഷേ ഒരു നാടിന് തന്നെ ഇപ്പൊൾ നോമ്പരമാണ്. ഏഴു വിഷയത്തിൽ എ പ്ലസും രണ്ടു വിഷയത്തിൽ എയും ഒരെണ്ണത്തിൽ ബി പ്ലസുമാണ് അശ്വതിക്ക് ലഭിച്ച ഗ്രേഡ്.

വീടിനോട് ചേർന്നാണ് അശ്വതി അന്ത്യവിശ്രമം കൊള്ളുന്നത്. അശ്വതി തങ്ങൾക്ക് തന്ന വാക്ക് പാലിച്ചെങ്കിലും മുന്നോട്ട് തങ്ങൾക്കൊപ്പം തങ്ങളുടെ മകൾ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ പിതാവ് ഷാജിക്കും മാതാവ് അനിതയ്ക്കും കഴിഞ്ഞിട്ടില്ല. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വതി. മിന്നുന്ന വിജയം സ്കൂളിലെ വിദ്യാർത്ഥികൾ നേടിയെങ്കിലും സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ നൊമ്പരമാണ് അശ്വതിയുടെ വിയോഗം.

Related Articles

Back to top button