ചെട്ടികുളങ്ങര ദേവീക്ഷേത്രം – ഹിന്ദുമത കൺവൻഷന്റെ പ്രസ്ഥാവന തെറ്റിദ്ധാരാണ ഉണ്ടാക്കുന്നത്.
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഉപദേശ സമിതി രൂപീകരിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ കൺവൻഷൻ നടത്തിയ പ്രസ്‌താവന തള്ളിക്കളയണമെന്ന് ഉപദേശ സമിതി രൂപീകരണത്തിനായി ഹൈക്കോടതിയിൽ കേസ് നൽകിയിരുന്ന പൊതുപ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യനീതിയും ജനാധിപത്യവും ക്ഷേത്ര ഭരണത്തിൽ ഉറപ്പാകുക എന്ന ലക്ഷ്യത്തോടെയാണ് കേസിന് പോയത്. എന്നാൽ ഇപ്പോൾ വന്നിട്ടുള്ള കോടതി വിധി ചോദ്യം ചെയ്യുന്നവരുടെ ഉള്ളിലിരുപ്പും ലക്ഷ്യവും സാമാന്യ വിശ്വാസ സമൂഹം തിരിച്ചറിയണം.
കരകളുടെ പ്രാധാന്യം നഷ്ടപ്പെടുന്നു എന്ന വാദം തെറ്റാണ്. നിലവിൽ കരകളിൽ നടന്നുവരുന്ന കുംഭഭരണി കെട്ടു കാഴ്ചകൾ, എതിരേൽപ്പ് ഉത്സവങ്ങൾ പറ എടുപ്പ്, മറ്റ് ആചാരങ്ങൾ എല്ലാം കരകളുടെ പ്രാമുഖ്യം അല്പം പോലും നഷ്ടപ്പെടാതെ തുടരും. എന്നാൽ ഇക്കാര്യങ്ങൾ മറച്ചുപിടിച്ച് വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരുടെ ബുദ്ധിയെ വിശ്വാസ സമൂഹം തള്ളികളയും.
എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹവും ആശിർവാദവും ഏറ്റുവാങ്ങിയാണ് ഈ നിയമ യുദ്ധം നടത്തി വിജയിച്ചത്. തീരുമാനം നടപ്പിലാക്കാൻ മുന്നോട്ട് വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഭിനന്ദിക്കുന്നു. ഇതിനെ പിന്തുണച്ച വിശ്വാസ സമൂഹത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ആർ.ഹരിദാസൻ നായർ, വിശ്വനാഥൻ തളിരേത്, ഗോപൻ ആഞ്ഞിലിപ്ര, രഘു.ആർ എന്നിവർ അറിയിച്ചു.
