ചെട്ടികുളങ്ങരയിൽ സംഘർഷം തുടരുന്നു… ബി.ജെ.പി ഓഫീസ് ആക്രമിച്ചു….
മാവേലിക്കര: ഒരു ഇടവേളക്ക് ശേഷം ചെട്ടികുളങ്ങരയിൽ വീണ്ടും സംഘർഷം രൂക്ഷമാകുകയാണ്. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ ആക്രമിച്ചതിന് പിന്നാലെ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം നടന്നു. ഇന്ന് വൈകിട്ട് 6നാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുലിനെ ആക്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ രാത്രി 8.30ഓടെയാണ് ബി.ജെ.പി ഓഫീസിന് നേരെ ആക്രണമം നടന്നത്.ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ബി.ജെ.പി ചെട്ടികുളങ്ങര മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. രാത്രി കൂടുതൽ ആക്രമ സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് എത്തിക്കുമെന്നാണ് വിവരം.കാറ്ററിങ് ജോലിക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വനിതാ ജോലിക്കാരുമായി കാറിൽ മടങ്ങും വഴി രണ്ടു ബൈക്കുകളിലെത്തിയ നാലുപേർ കാർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തലയിൽ ഇടിക്കുകയും കത്തി കൊണ്ട് കഴുത്തിന് നേരേ കുത്താൻ ശ്രിമിച്ചുവെന്നും കാറിൻ്റെ ഡ്രൈവിങ് സീറ്റിലിരുന്ന ഇയാൾ ഇടതു കൈ കൊണ്ട് തടയുകയായിരുന്നുവെന്നും ഗോകുൽ പറയുന്നു. കൈക്ക് മുറിവേറ്റിറ്റുണ്ട്.ഒപ്പമുണ്ടായിരുന്ന വനിത ജോലിക്കാരി നിലവിളിച്ചപ്പോൾ പ്രതികൾ കടന്നു കളഞ്ഞു. ഗോകുൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംഭവത്തിൽ ആർ.എസ്.എസ് അനുഭാവികളായ രണ്ട് പേരെ പൊലീസ് പിടികൂടിയതായി അറിയുന്നു.