ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും… എസ്.എസ്.എല്‍.സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക്… എന്റെതന്നെ അഭിനന്ദനങ്ങള്‍….
കഴിഞ്ഞയാഴ്ച എസ്എസ്എല്‍സി പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായൊരു ഫ്ലെക്സ് ബോര്‍ഡ് ഉണ്ടായിരുന്നു. കൊടുമണ്‍- അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിന് സമീപം റോഡരികിലാണ് അത് സ്ഥാപിക്കപ്പെട്ടത്. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും, 2022 എസ്.എസ്.എല്‍.സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെതന്നെ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു അതിലെ വാചകങ്ങള്‍. കൂടെ ഒരു കൗമാരക്കാരന്‍ കൂളിങ് ഗ്ലാസ് വച്ചിരിക്കുന്ന പടവും.
കുഞ്ഞാക്കുവിന്റെ ഫ്ലെക്സ് പെട്ടെന്ന് നവ മാധ്യമങ്ങളില്‍ വൈറലായി. സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയ്ക്ക് വഴി വച്ച് ചിരിപ്പിച്ച ആ ഫ്ലെക്സ് ട്രോള്‍ അല്ല. അതിന് പിന്നിലൊരു നനവാര്‍ന്ന കഥയുണ്ട്.
താന്‍ ഒരിക്കലും എസ്.എസ്.എല്‍.സി വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഇത് തന്റെ മനസിനെ മുറിവേല്‍പ്പിച്ചെന്നും അതാണ് ഫ്ലെക്സ് വയ്ക്കുവാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞു. കളിയാക്കിയവരോടുള്ള മധുരമായ പ്രതികാരം വീട്ടല്‍ കൂടിയായിരുന്നു ഫ്ലെക്സ് സ്ഥാപിക്കല്‍. എന്നാല്‍ അതിനായി കുറച്ച് പണം മാത്രമേ ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്നുള്ളു. ഫ്ലെക്സ് സ്ഥാപിക്കാന്‍ ആഗ്രഹം തൊട്ടടുത്തുള്ള നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരുടെ സഹായത്തോടെയാണ് അവസാനം ഫ്‌ലെക്‌സ് സഥാപിച്ചത്.
അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാന്‍ സ്വയം ഫ്ലെക്സ് സ്ഥാപിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്.എസ്.എല്‍.സി വിജയിച്ചത്. ഇത്രനാള്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഇരുവരും പഠിച്ചത്. ഇവരുടെ വീട്ടില്‍ വൈദ്യുതി എത്തിയിട്ട് ഒരാഴ്ചമാത്രം. അച്ഛനും അമ്മയും കൂലിപ്പണിക്കാരായ ഇവരുടെ വീട്ടില്‍ ജ്യേഷ്ഠന്‍ വിഷ്ണു, അച്ഛന്റെ അമ്മ, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അച്ഛന്റെ അനുജന്‍ എന്നിവരുണ്ട്. വീട്ടില്‍ പഠനാന്തരീക്ഷം യോജിച്ചതല്ലാത്തതിനാല്‍ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടില്‍നിന്നാണ് ഇരുവരും പഠിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കുറുമ്പകര സി.എം എച്ച്.എസിലായിരുന്നു പഠനം.10-ാംക്ലാസില്‍ വീട്ടില്‍നിന്നും 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ബസില്‍ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. ഇപ്പോള്‍ അഭിമാനത്തോടെ സഹോദരിക്കൊപ്പം പ്ലസ് വണ്‍ പഠനത്തിനൊരുങ്ങുകയാണ് ജിഷ്ണു.