ചാരുംമൂട് സംഘർഷം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും യു.ഡി.എഫ് കൺവീനറും അറസ്റ്റിൽ..
മാവേലിക്കര : ചാരുംമൂട് കോൺഗ്രസ് – സി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. നൂറനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജി.ഹരിപ്രകാശ്, മാവേലിക്കര നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനറുമായ അനി വർഗീസ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് കോൺഗ്രസ് യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജി.ഹരിപ്രകാശിനെ നൂറനാട് ജംഗ്ഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നൂറനാട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ അനി വർഗീസ് രാത്രിയോടെ നൂറനാട് പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇതോടെ ഇദ്ദേഹത്തിന്റെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.