ചായക്ക് ചൂടു കുറഞ്ഞു, ചൂടുചായ മുഖത്തൊഴിച്ചു. വിനോദസഞ്ചാരിയെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചു
മൂന്നാർ: ചായ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ഹോട്ടൽ ജീവനക്കാർ ടൂറിസ്റ്റുബസ് തടഞ്ഞ് ആക്രമിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (24), ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവർക്കാണ് മർദനമേറ്റത്.ടോപ്പ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങൾക്ക് തുടക്കം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയിൽ ചായകുടിക്കാനായി ഹോട്ടലിൽ കയറി. തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാൾ ചൂടുചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടർന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനിടെ സഞ്ചാരികൾ ബസിൽ കയറി സ്ഥലംവിട്ടു. എന്നാൽ, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കിൽ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞിട്ടു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.മൂന്നാർ എസ്.ഐ. എം.പി.സാഗറിന്റെ നേതൃത്വത്തിൽ പോലീസ് ടോപ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.