ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മാവേലിക്കര പൊലീസിന്റെ പിടിയിൽ..

മാവേലിക്കര- മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ മലപ്പുറം തിരൂർ പൊൻമുണ്ടം സ്വദേശി പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (30) മാവേലിക്കര പൊലീസിന്റെ പിടിയിലായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്നും ഇരട്ടിലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15.30 ലക്ഷം രൂപ പലപ്പോഴായി വാങ്ങി ഇയാളും കൂട്ടുകാരും കടന്നു കളയുകയായിരുന്നു. തട്ടിപ്പിനിരയായ യുവാവ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

അന്വേഷണത്തിൽ പ്രതികളെല്ലാം ഒളിവിലാണെന്നും ഇവർ സംസ്ഥാനത്ത് സമാനമായ പല കേസുകളിലും പ്രതികളാണെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ നടത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ ഷാഫി വിദേശത്തേക്ക് കടക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇയാളെ തടഞ്ഞു വെച്ച് മാവേലിക്കര പൊലീസിനെ അറിയിക്കുകയായിരുന്നു.

ജില്ല പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം മാവേലിക്കര പൊലീസ് സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര സബ്ബ് ഇൻസ്പെക്ടർ സത്യൻ പി.ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർ ഷബീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്ത് നടന്ന ഓൺലൈൻ നിക്ഷേപ സാമ്പത്തിക തട്ടിപ്പു കേസുകളിലെ മുഖ്യ കണ്ണികളിൽ ഒരാളെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button