ക്യു നിൽക്കേണ്ട… 3 കുപ്പിക്ക് 1200 രൂപ മതി…. കുപ്പി പൊട്ടിച്ചപ്പോൾ ശരിക്കും ഞെട്ടി…..

കായംകുളം : ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിന് സമീപം തട്ടിപ്പ്. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും മൂന്ന് കുപ്പിക്ക് 1200 രൂപ തന്നാൽ മതിയെന്നും പറഞ്ഞാണ് ആറ്റിങ്ങൽ സ്വദേശിയായ വയോധികനെ കബളിപ്പിച്ചത്. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആളാണ് തട്ടിപ്പിന് ഇരയായത്. വിഷു തലേന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മദ്യം വാങ്ങാനായി എത്തിയപ്പോഴാണ് നീണ്ട ക്യൂ കണ്ടത്. ഏറ്റവും പിന്നിലായാണ് ആറ്റിങ്ങൽ സ്വദേശി നിന്നത്. പിറ്റേദിവസം ദുഃഖവെള്ളി ആയതിനാൽ ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരുന്നു. അതിനാലാണ് മദ്യം വാങ്ങാനായി വൻ തിരക്ക് അനുഭവപ്പെട്ടത്. ഇതിനിടെ ഏറ്റവും പിന്നിൽ നിന്ന വയോധികനെ ഒരാൾ സമീപിച്ച് 1200 രൂപയ്ക്ക് മൂന്ന് കുപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

ബിവറേജസിലെ അതേ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞതോടെ, പണം നൽകി അത് വാങ്ങുകയും ചെയ്തു. പണിസ്ഥലത്തിനോട് ചേർന്ന വാടകവീട്ടിലെത്തി വിഷു ആഘോഷിക്കാനായി കുപ്പി പൊട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്.

മദ്യമെന്ന പേരിൽ നൽകിയത് കട്ടൻചായ ആയിരുന്നു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button