കൊലയാളിയെ തപ്പി പോലീസ്, പോലീസിനെ നിരീക്ഷിച്ച് കൊലയാളി. അഞ്ചാം നാള്‍ കുടുക്കി പോലീസ്
തിരുവനന്തപുരം: നാടിനെ നടുക്കിയ അമ്പലംമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തപ്പി പോലീസ് നാടുചുറ്റുമ്പോള്‍ കൊലയാളി തൊട്ടടുത്തുതന്നെയിരുന്ന് പോലീസിനെ നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പേരൂര്‍ക്കട പോലീസ് സ്റ്റേഷന് എതിര്‍വശത്തെ ചായക്കടയില്‍ തൊഴിലാളിയായിരുന്നു പ്രതി രാജേന്ദ്രന്‍. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നത്. കൊലപാതകം നടന്ന ഞായറാഴ്ച രാത്രി തന്നെ ഇയാള്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടയ്ക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കു പോയി.ജോലിചെയ്തിരുന്ന കുമാര്‍ ടീ സ്റ്റാളിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ താമസം. ഇവിടെ നിന്നു നോക്കിയാല്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ വ്യക്തമായി കാണാം. തിങ്കളാഴ്ച തമിഴ്നാട്ടിലെ കാവല്‍കിണറിലേക്ക് പോയ രാജേന്ദ്രന്‍ തൊട്ടടുത്ത ദിവസം പേരൂര്‍ക്കടയില്‍ തിരിച്ചെത്തി. രാവിലെ കടയിലെത്തിയ ഇയാള്‍ അടുക്കളയിലെ ചിരവ ഉപയോഗിച്ച് കൈയില്‍ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്. തുടര്‍ന്ന് ചായക്കട ഉടമയായ കുമാറിനെ വിളിച്ച് തേങ്ങ ചിരകുന്നതിനിടെ പരിക്കുപറ്റിയെന്നും തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഉടമ ഇയാളുമായി പേരൂര്‍ക്കട ആശുപത്രിയില്‍ പോവുകയും കൈ തുന്നിക്കെട്ടിക്കുകയും ചെയ്തു. ഇതു നടന്ന ചൊവ്വാഴ്ചയാണ് പോലീസ് കൊലയാളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവിടുന്നത്. ഇതോടെ ഇയാള്‍ വീണ്ടും കാവല്‍കിണറിലേക്കു കടക്കുകയായിരുന്നു.