കൈകുഞ്ഞടക്കമുള്ള കുടുംബത്തെ വന്ദേഭാരതിൽ നിന്നും ഇറക്കിവിട്ടു..പ്രതിഷേധം…
കൈക്കുഞ്ഞടക്കമുള്ള 11 അംഗ കുടുംബത്തെ വന്ദേഭാരത് ട്രെയിനിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ഇന്ന് രാവിലെ 6.50 ന് ചെങ്ങന്നൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത കുടുംബത്തെയാണ് എറണാകുളത്ത് വെച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിട്ടത്. ഇവരിൽ മൂന്നുമാസം പ്രായമുള്ള കൈകുഞ്ഞുമുണ്ടായിരുന്നു.ചെങ്ങന്നൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 11 ടിക്കറ്റ് ആയിരുന്നു ഇവർ ബുക്ക് ചെയ്തത് .എന്നാൽ ഇതിൽ 4 എണ്ണം മാത്രമാണ് കൺഫോം ടിക്കറ്റായി ലഭിച്ചത്. ബാക്കി ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റിൽ ആയിരുന്നു.തുടർന്ന് മാവേലിക്കരയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്കും ട്രെയിനിൽ സഞ്ചരിക്കാമെന്ന് ബുക്കിംഗ് ഓഫീസിൽ നിന്നും മറുപടി ലഭിച്ചിരുന്നു .ഇതേതുടർന്നാണ് ഇവർ ട്രെയിനിൽ കയറിയത് .
എന്നാൽ യാത്രക്കിടെ ടിക്കറ്റ് പരിശോധനയ്ക്ക് വന്ന ടിടി കുടുംബത്തെ എറണാകുളം സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ഓഫീസുമായി സംസാരിച്ചപ്പോൾ വന്ദേ ഭാരതുമായുള്ള പരാതി സ്വീകരിക്കാനാകില്ല എന്നായിരുന്നു മറുപടി.ഇതിനെതിരെ കർശന നടപടിയെടുക്കണമെന്നും ടിക്കറ്റിന് മുടക്കിയ മുഴുവൻ തുകയും തിരികെ നൽക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം റെയിൽവേ സ്റ്റേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു .