കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചത് മതവേഷം ധരിച്ചായിരുന്നോ? അല്ലെന്ന് കെ.എസ്.ആർ.ടി.സി…..

മാവേലിക്കര- കെ.എസ്.ആർ.ടി.സി മവേലിക്കര ഡിപ്പോയിലെ ഡ്രൈവർ പി.എച്ച് അഷറഫ് യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് വാഹനം ഓടിച്ചതായുള്ള പ്രചാരണം തെറ്റെന്ന് കെ.എസ്.ആർ.ടി.സി. ‌യൂണിഫോം ധരിക്കാതെ മതവേഷത്തിൽ ഡ്രൈവർ കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നു എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി വിശദീകരണവുമായി എത്തിയത്. തിരുവനന്തപുരം തമ്പാനൂരിൽ നിന്നു മാവേലിക്കരക്ക് വരുകയായിരുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെയാണ് ചിത്രം പ്രചാരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രചാരണം ഏറ്റെടുത്തിരുന്നു. ഡ്രൈവർ ഇസ്ലാം മതവിശ്വാസികൾ ധരിക്കുന്ന തൊപ്പി ധരിച്ചാണ് വാഹനമോടിച്ചത്. പുറമെ ഇയാൾ ധരിച്ച യൂണിഫോം വെള്ള നിറമാണെന്നും ആണ് ഫോട്ടോയിലുള്ളത്.

കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം ഇങ്ങനെ – കെ.എസ്.ആർ.ടി.സി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് എ.റ്റി.കെ 181ാം നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് ചിത്രമെടുത്തതെന്ന് കണ്ടെത്തി. കെ.എസ്.ആർ.ടി.സി വിജിലൻസിന്റെ അന്വേഷണത്തിൽ ഡ്രൈവർ പി.എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്.

Related Articles

Back to top button