കെജ്രിവാളിനെതിരേ കേസെടുക്കാന്‍ നിർദേശം
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാര്‍ട്ടികള്‍ക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ശിരോമണി അകാലി ദള്‍ ഉപാധ്യക്ഷന്‍ അര്‍ഷ്ദീപ് സിങ് ആണ് കെജ്രിവാളിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആക്ഷേപം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാള്‍ പുറത്തുവിട്ട വീഡിയോയില്‍ മറ്റു പാര്‍ട്ടികളെ ‘രാജ്യദ്രോഹികള്‍’ എന്ന് വിശേഷിപ്പിച്ചത് ചൂണ്ടിയായിരുന്നു പരാതി. ശിരോമണി അകാലിദളിനും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിയുണ്ടാക്കുന്നതാണ് വീഡിയോയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിലനില്‍ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് കെജ്രിവാളിന്റെയും എ.എ.പിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കെജ്രിവാളിനും പാര്‍ട്ടിക്കുമെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലിനെതിരേ എ.എ.പിയും പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി.