കുഞ്ഞ് തന്റേതല്ല, രണ്ടര വയസുള്ള മകളെ ലൈംഗീകമായി പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം കഠിന തടവും പിഴയും
രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.2018 ഫെബ്രുവരിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയായിരുന്നു സംഭവം. കുഞ്ഞ് രാത്രിയിൽ സ്ഥിരമായി കരയുകയും സ്വകാര്യ ഭാഗത്ത് വേദനിക്കുന്നെന്നും പറഞ്ഞിരുന്നു. ഇവിടം പരിശോധിച്ച അമ്മ മുറിവ് കണ്ടെത്തി. മുറിവിനെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞ് കരഞ്ഞു. മറുപടി പറഞ്ഞില്ല. ഭർത്താവിനെയാണ് കുട്ടിയുടെ അമ്മ സംശയിച്ചത്. കുഞ്ഞ് ജനിച്ചത് മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നു. യുവതിക്ക് വേറെ ബന്ധമുണ്ടെന്നും കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടത് സംശയം വർധിപ്പിച്ചു. തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.