കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് കൂട്ടത്തല്ലായി
കൊല്ലം: ഒരു കുഞ്ഞിന്റെ പേരിടീൽ ചടങ്ങിന് പിതാവും മാതാവും മറ്റ് ബന്ധുക്കളും തമ്മിലടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കൊല്ലം തെന്മലയിലാണ് പേരിടീൽ ചടങ്ങ് കൂട്ടത്തല്ലായി മാറിയത്. കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടീൽ ചടങ്ങ് നടക്കുന്നത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് കേട്ട ഉടൻ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയാണ് ചെയ്തത്. മാത്രമല്ല കുഞ്ഞിന്റെ ചെവിയിൽ നൈമിക എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്.
തുടർന്ന് കൂട്ടത്തല്ലും ബഹളവുമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ പകർത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഈ അച്ഛന്റേയും അമ്മയുടേയും ഇടയിൽ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.