‘കാർ ഡോർ ജാമായി’.. വൻദുരന്തം നേരിൽ കണ്ടതിന്റെ ഞെട്ടലിൽ നാട്ടുകാർ…
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ച സംഭവം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല. കാറിന്റെ മുൻഭാഗത്താണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണുള്ളത്. കാറിന്റെ സീറ്റ് പൂർണ്ണമായും കത്തി നശിച്ചു. പിൻസീറ്റിലിരുന്ന ഒരു കുട്ടിയുൾപ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നിൽ വാഹനത്തിൽ വന്നവരാണ് കാർ കത്തുന്ന കാഴ്ച കണ്ടത്. രക്ഷിക്കാൻ വേണ്ടി കൈകൾ പുറത്തേക്കിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ കാണമായിരുന്നു എന്നും ഇവർ പറയുന്നു.