കാറിൽ ചാരി നിന്ന ബാലനെ ചവിട്ടിത്തെറിപ്പിച്ചു പരുക്കേൽപ്പിച്ച പ്രതിയുടെ വിധി….
തലശേരി പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാറിൽ ചാരി നിന്ന രാജസ്ഥാൻ സ്വദേശിയായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ചു പരുക്കേൽപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിയുടെ ജാമ്യഹരജിയിൽ നവംബർ 17ന് തലശേരി കോടതിവിധിപറയും. ഇന്ന് കേസ് മാറ്റിവെച്ച കോടതി വിധിപറയാൻ നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.പൊന്ന്യപാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് (20) സമർപ്പിച്ച ഹരജിയിലാണ് തലശേരി ജില്ലാകോടതി വിധി പറയുക. മുൻകൂർ ജാമ്യപേക്ഷയിൽ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നേരത്തെ നൽകിയ ജാമ്യഹരജി തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കഴിഞ്ഞ മൂന്നിനു രാത്രിയിൽ മണവാട്ടി ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാജസ്ഥാനിൽ നിന്നു കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ആറുവയസുകാരനെയാണ് പ്രതി അക്രമിച്ചത്. കഴിഞ്ഞ നവംബർ മൂന്നിനാണ് ഷിഹാദിനെ അറസ്റ്റു ചെയ്തത്. ഈ കേസിൽ രണ്ടാംപ്രതിയായ മുഴപ്പിലങ്ങാട് സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.