കായലിന്റെ ആഴങ്ങളിൽ നിന്ന് ടോറസ് കരയ്ക്ക് കയറ്റി
ചേർത്തല : തണ്ണീർമുക്കം ബണ്ടിൽ നിന്ന് കായലിൽവീണ ടോറസ് ലോറി കരക്കുകയറ്റി. എട്ടു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കായലിന്റെ ആഴത്തിലേക്കുതാഴ്ന്ന ടോറസ് കരക്കെത്തിച്ചത്.
ആദ്യം വലിയ ബാർജ് കായലിലിറക്കി അതുവഴി ക്രെയിൻ നടുക്കെത്തിച്ച് ഉയർത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഏതാനും മാസം മുൻപ് പടക്കപ്പൽ ഉയർത്തിയ
ശേഷികൂടിയ ക്രെയിൻ എറണാകുളത്തുനിന്നു കൊണ്ടുവന്ന് ബണ്ടു പാലത്തിൽ നിന്നുതന്നെ ലോറി ഉയർത്തി രണ്ടാം ക്രെയിനിന്റെയും സഹായത്തോടെ ബാർജിൽ കയറ്റി കരയിലെത്തിക്കുകയായിരുന്നു.
വലിയ ക്രെയിൻ ഉപയോഗിച്ച് ബണ്ടുപാലത്തിൽനിന്നുതന്നെ ലോറി ഉയർത്താമായിരുന്നെങ്കിലും ഇതു പാലത്തിനു കേടുപാടുകൾക്കിടയാക്കുമെന്നതിനാൽ ജലസേചനവകുപ്പ് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാർജിൽ കയറ്റിയ ടോറസ് ബണ്ടുതുരുത്തിന്റെ കിഴക്കുഭാഗത്തെത്തിച്ച് ക്രെയിൻ ഉപയോഗിച്ചുതന്നെ കരയിലേക്കെത്തിച്ചത്. പോലീസിന്റെയും ഇറിഗേഷൻ വകുപ്പധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ. ലോക് ഡൗണിന്റെ സാഹചര്യത്തിൽ ബണ്ടുപാലത്തിലൂടെ ഗതാഗതം കുറവായിരുന്നെങ്കിലും വലിയ ക്രെയിൻ എത്തിയതോടെ പൂർണമായും ഗതാഗതം നിരോധിച്ചായിരുന്നു പ്രവർത്തനങ്ങൾ. നിയന്ത്രണത്തിനിടയിലും വണ്ടി ഉയർത്തുന്നതുകാണാൻ ഒട്ടേറെപ്പേരെത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 8.45-ഓടെയാണ് ഒന്നാം ബണ്ടിൽവെച്ച് ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ടോറസ് കായലിൽ വീഴുന്നതിനു മുന്നേ ഡ്രൈവർ ചാടിരക്ഷപ്പെടുകയായിരുന്നു. രാത്രിതന്നെലോറി കരക്കെത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. ബണ്ടുപാലത്തിന്റെ 10 മീറ്ററോളം കൈവരി പൂർണമായി തകർന്നിരുന്നു. കൈവരി തകർന്ന ഭാഗത്തു താത്കാലികമായി സുരക്ഷാവേലി ഒരുക്കിയിരിക്കുകയാണ്.