കായംകുളം സ്വദേശിയായ സൈനികനെ കള്ളക്കേസിൽ കുടുക്കി മർദിച്ചെന്ന് പരാതി
കായംകുളം: അവധിക്ക് നാട്ടിൽ വന്ന സൈനികനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്ന് പരാതി. സൈനികനായ മോനീഷ് മോഹനാണ് കായംകുളം പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കൊടുത്തിരിക്കുന്നത്. മർദ്ദനത്തിൽ പരുക്കേറ്റ മോനിഷ് ചികിത്സയിലാണ്. കൂട്ടുകാരുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ച് തന്നെ ക്രൂരമായി മർദിച്ചു എന്ന് മോനീഷ് മോഹൻ പറയുന്നു.കിളിക്കൊല്ലൂരിലെ പോലെ അകപ്പെടാതിരിക്കാൻ വേണ്ടി സിസിടിവികൾ മറച്ചു വെച്ചുകൊണ്ടാണ് അവര് ഉപദ്രവിച്ചത് എന്നും മോനിഷ് പറയുന്നു. കായംകുളം ഗോവിന്ദമുട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ സൈനികനായ മോനിസ് പോലീസുകാരെ ആക്രമിച്ചു എന്നാണ് കേസ്. സൈനികർ ഉൾപ്പെടെ ഏഴുപേരെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കേസ് മനപ്പൂർവ്വം ചമച്ചതാണെന്നും സ്റ്റേഷനിൽ വച്ച് ക്രൂര മർദ്ദനത്തിന് ഇരയായെന്നും മോനീഷ് പറഞ്ഞു. ഒരു സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും പൊലീസ് പാലിച്ചിട്ടില്ല. സോൾജ്യേഴ്സ് ഓഫ് അനന്തപുരി എന്ന സൈനിക സംഘടന ഡിജിപിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.”കഴിഞ്ഞ മാസം 27ആം തീയതി രാത്രിയിലാണ് സംഭവം. അമ്പലത്തിൽ പൊലീസിനെ മർദ്ദിച്ചവർക്കെതിരെ അവര് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. എൻ്റെ കൂടെ കൊണ്ടുവന്ന ഏഴുപേരും നിരപരാധികളാണ്. എന്നെ കോടതിയിൽ ഹാജരാക്കിയത് ഇരുപത്തിയെട്ടാം തീയതി ഏഴരക്കായിരുന്നു. അതുവരെ എനിക്ക് പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടിവന്നത് ക്രൂരമർദ്ദനങ്ങളാണ്. എന്നെ കുനിച്ച് നിർത്തി കഴുത്തൊടിക്കാൻ വേണ്ടി ഇടിക്കുകയും ശരീരത്തിൽ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഞാൻ ഉപദ്രവിച്ചു എന്ന് പറയപ്പെടുന്ന മുരളീധരൻ എന്ന എസ് ഐയുടെ കാലിൽ വീണ് മാപ്പ് പറയാൻ പറഞ്ഞ് എന്നെ കുനിപ്പിക്കുകയും ബാക്കിയുള്ള സഹപ്രവർത്തകരും അവിടെയുള്ളവരും വന്നവരും പോകുന്നവരും എല്ലാം നീയല്ലേ എസ് ഐയെ അടിച്ചത് എന്നും പറഞ്ഞ് എന്നെ ഉപദ്രവിക്കുകയായിരുന്നു.”- മോനിഷ് പറഞ്ഞു.