കായംകുളം സ്വദേശികളായ അമ്പല കള്ളനും കള്ളിയും പിടിയിൽ…. 22കാരി 4 വർഷമായി 23കാരനൊപ്പം…..
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവതിയടക്കം രണ്ട് പേർ പിടിയിൽ. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്. കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ ഷായും (23), സരിത (22) യുമാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. 2018 മുതല്‍ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ബൈക്കില്‍ കറങ്ങി നടന്ന് മോഷ്ടിക്കുന്നതാണ് ഇരുവരുടെയും രീതി. മോഷ്ടിച്ചു കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. പണം തീരുമ്പോള്‍ വീണ്ടും കക്കാനിറങ്ങും. മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചായിരുന്നു മോഷണത്തിന് ഇറങ്ങിയിരുന്നത്. കായംകുളം, കട്ടപ്പന, കുമളി, പെരുവന്താനം പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.