കായംകുളം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ തകർത്ത കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷമുണ്ടാക്കി കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർത്ത കേസിലെ കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെയുള്ള ഏഴംഗ സംഘത്തെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം, കരീലക്കുളങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ തോണ്ടലിൽ പടീറ്റതിൽ സുരേന്ദ്രൻ മകൻ വിജിത്ത് (24), കായംകുളം പോലീസ് സ്റ്റേഷനിൽ മൂന്നോളം കേസുകളിൽ പ്രതിയായ പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പകനിവാസ് വീട്ടിൽ കൃഷ്ണകുമാർ മകൻ അക്ഷയ് (21), പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ കാവുംകട വീട്ടിൽ സുന്ദരേശൻ മകൻ ശ്രീമോൻ (21), പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ കളീയ്ക്കൽ വടക്കതിൽ വീട്ടിൽ വേണു മകൻ വിഷ്ണു (26), പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ മുത്തച്ഛൻ മുറിയിൽ വീട്ടിൽ ഹരികുമാർ മകൻ അരുൺ (22), പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ വൃന്ദാവനം വീട്ടിൽ കൃഷ്ണൻ കുട്ടി മകൻ മനു (26), പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ കൊറ്റിനാട്ട് പടീറ്റതിൽ ഗോപിനാഥ് മകൻ ഗോകുൽ ഗോപിനാഥ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഈ മാസം 13-ാം തീയതി വൈകിട്ട് പെരിങ്ങാല സ്വദേശികളായ ദമ്പതികൾ 14ഉം 11 ഉം വയസ്സുള്ള കുട്ടികളുമായി ഓട്ടോയിൽ സഞ്ചരിച്ചു വരവേ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സംഘം ഇവരുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. പിന്നീട് ചികിത്സക്കായി കായംകുളം ഗവൺമെന്റ് ആശുപതിയിൽ എത്തിയ സമയം വീണ്ടും ഓട്ടോയിൽ സഞ്ചരിച്ചു വന്നവരെ ദേഹോപദ്രവമേൽപ്പിക്കുകയും, യാത്ര ചെയ്തു വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത് സംഘർഷം സൃഷ്ടിച്ചു. തുടർന്ന് ഗവൺമെന്റ് ആശു പതിയിലെ കാഷ്വാലിറ്റിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിലെ മേശയും മറ്റും തകർക്കുകയും ചെയ്തു. കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ നിന്നാണ് പ്രതികൾ കായംകുളം പോലീസിന്റെ പിടിയിലായത് . കേസിലെ ഒന്നും രണ്ടും പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്ന് സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.