കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടി, മക്കൾക്ക് അമ്മ വിഷം നൽകി.. ഒന്നര വയസ്സുകാരൻ മരിച്ചു, 3 വയസ്സുകാരി ആശുപത്രിയിൽ…

കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടി ഒന്നര വയസ് പ്രായമുള്ള കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ജഗദീശിന്റെ (35) ഭാര്യ കാർത്തിക (21) ആണ് അറസ്റ്റിലായത്. ഇവരുടെ ഇളയ മകൻ ശരൻ (ഒന്നര വയസ്) ആണ് മരിച്ചത്. മൂത്ത മകൾ സഞ്ജന(3) ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. കാമുകനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടി യുവതി കുട്ടികളെ കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ജഗദീഷിനെ കാർത്തിക കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫോണിൽ വിളിച്ച് ഇളയ മകൻ ശരൻ ബോധം കെട്ടുവീണതായി പറഞ്ഞിരുന്നു. ഉടൻ തന്നെ ജഗദീഷ് വീട്ടിൽ എത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർ കുട്ടി മരിച്ചതായി പറഞ്ഞു. മരണത്തിൽ ഡോക്ടർ സംശയം പറഞ്ഞതിനാൽ കാർത്തികയേയും, ജഗദീശിനെയും പോലീസ് കസ്റ്റഡയിൽ എടുക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ രാത്രി 10 മണിയോടെ മൂത്തമകൾ സഞ്ജന അച്ഛനെ കാണണം എന്ന് പറഞ്ഞത് കരഞ്ഞതോടെ കുട്ടിയുടെ അമ്മുമ്മ പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു. അവിടെ വച്ച് സഞ്ചനക്കും ബോധക്ഷയം ഉണ്ടായി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികൾക്കും ബോധക്ഷയം വന്നതോടെ കാർത്തികയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

കന്യാകുമാരി മാർത്താണ്ഡത്താണ് സംഭവം. രണ്ട് മാസങ്ങൾക്ക് മുൻപ് കാർത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോൾ പച്ചക്കറി കട നടത്തുന്ന സുനിൽ എന്നയാളുമായി അടുപ്പത്തിലായിരുന്നു. താൻ വിവാഹികതയാണെന്ന വിവരം മറച്ചുവെച്ച കാർത്തിക സുനിലിന്റെ ഫോൺ നമ്പർ വാങ്ങി. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം കാർത്തിക വിവാഹിതയാണെന്ന വിവരം സുനിൽ അറിഞ്ഞു. അതിന് ശേഷം സുനിൽ കാർത്തികയുമായി അകന്നു. എന്നാൽ കാർത്തിക തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് സുനിലിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കുട്ടികളെ ഒഴിവാക്കി ചെന്നാൽ സുനിൽ തന്നെ വിവാഹം ചെയ്യും എന്ന ചിന്തയിലാണ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചത് എന്നും പ്രതി വെളിപ്പെടുത്തി.

വീട്ടിൽ എലി ശല്യം കൂടുതലാണെന്ന് പറഞ്ഞ് ജഗദീഷിനെ കൊണ്ട് കാർത്തിക എലിവിഷം വാങ്ങിപ്പിച്ചിരുന്നു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി ആളുകളുടെ മുന്നിൽ വച്ച് വീടിന് ചുറ്റും വിഷം വച്ചു. കഴിഞ്ഞ ദിവസം രാവിലെ കുട്ടികൾക്ക് ഉപ്പുമാവിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്ന് കാർത്തിക പൊലീസിന് മൊഴി നൽകി. പൊലീസ് സുനിലിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.

Related Articles

Back to top button