കാക്കിക്കുള്ളിലെ പ്രണയം പൂവണിഞ്ഞു…
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് വലിയതുറ. ഈ പൊലീസ് സ്റ്റേഷനിലെ പ്രധാന ചുമതലകൾ വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചില പ്രത്യേകതകളുണ്ട്. എസ്ഐ ദമ്പതികളാണ് ഇവിടത്തെ താരങ്ങൾ. കാക്കിക്കുള്ളിലെ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ സഹപ്രവർത്തകരും ഒപ്പം നിന്നു.
വലിയതുറ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ. അഭിലാഷ് മോഹനനും ക്രൈം എസ്ഐ. അലീനാ സൈറസും ആണ്. തലസ്ഥാനത്തെ എയർപോർട്ടും ചെറിയതുറയും ശംഖുമുഖവും വെട്ടുകാടും കൊച്ചുവേളിയും ഉൾപ്പെടുന്ന പ്രധാന മേഖലകൾ ഉൾപ്പെടുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നത് ഇവരാണ്.
തിരുവനന്തപുരം പെയാട് സ്വദേശിയായ അഭിലാഷ് 2019ലാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായ വെട്ടുതുറയിൽ നിന്ന് 2018ലാണ് അലീന പൊലീസ് സേനയിൽ എത്തുന്നത്. പത്തനംതിട്ടയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ശേഷം തലസ്ഥാനത്ത് എത്തിയ അലീന വലിയതുറ സ്റ്റേഷനിലെ ക്രൈം എസ്ഐ ആയി ചുമതലയേറ്റു.
ജോലിയോടുള്ള ഇരുവരുടെയും ആത്മാർത്ഥത പതിയെ പ്രണയത്തിലേക്ക് വഴിതുറന്നു. തുടർന്ന് കർമ്മവീഥിയിൽ എന്ന പോലെ തന്നെ ജീവിത യാത്രയിലും ഒരുമിക്കാൻ അവർ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂലൈ 14ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിൽ വെച്ച് ലളിതമായായിരുന്നു ഇരുവരുടെയും വിവാഹം. കരിയറും ജീവിതവും ഒന്നാകുമ്പോൾ പ്രതിസന്ധികളും ഉരുത്തിരിയുമെങ്കിലും ഗുണങ്ങളും ഏറെയെന്നാണ് ഇരുവരുടെയും പക്ഷം.