കള്ളന്‍ സൗമ്യനാണ്.. ധീരനും.. നീതിമാനും.. ബുദ്ധിശാലിയും…

കായംകുളം: ക്ഷേത്രമോഷണ കേസുകളില്‍ പിടിയിലായ പൂവരണി ജോയ് ജോസഫിനെ കുറിച്ച്‌ പുറത്തുവരുന്നത് രസകരമായ കഥളാണ്. മോഷണ സംഘത്തിന്റെ തലവനായ ജോയ് സൗമ്യനായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ഭയമെന്നത് ഇയാളുടെ ഏഴയലത്തുകൂടി പോലും പോയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നീതിമാനായ സംഘത്തലവനാണ് ജോയ് ജോസഫ് എന്ന് സംഘാങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ആലപ്പുഴ തുമ്പോളിക്കു സമീപം വാടക വീട്ടിലാണ് താമസം. വല്ലപ്പോഴുമേ ഈ വീട്ടില്‍ എത്തൂ. നാട്ടിലുള്ളവരോട് സൗമ്യനായി ഇടപെടുന്ന ജോയ് മോഷ്ടാവാണെന്ന് പലരും അറിഞ്ഞത് അടുത്തിടെയാണ്. മത്സ്യവ്യാപാരി എന്ന വ്യാജേന മത്സ്യ കമ്മിഷന്‍ കേന്ദ്രങ്ങളില്‍ രാത്രി കറങ്ങും. മത്സ്യവ്യാപാരികളുമായി ബന്ധം ഉണ്ടാക്കി അവരുമായി രാത്രി സഞ്ചരിക്കുന്നതിനിടെ വഴിതിരിയും. ഇത് മോഷണത്തിന് വേണ്ടിയാണെന്ന് അവര്‍ പോലുമറിഞ്ഞിരുന്നില്ല. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം ജോയിയുടെ മറ്റൊരു താവളമാണ്. ഇവിടുത്തെ മിക്ക ലോഡ്ജുകളിലും ജോയ് താമസിച്ചിട്ടുണ്ട്. രാത്രി രോഗിയുടെ ബന്ധു ചമഞ്ഞ് ലോഡ്ജില്‍ തങ്ങും. ലോഡ്ജില്‍ ഇടം കിട്ടാത്തപ്പോള്‍ താമസം മെഡിക്കല്‍ കോളജ് ആശുപത്രി വരാന്തയിലായിരിക്കും. എന്നാല്‍, രേഖകള്‍ ഹാജരാക്കാതെ ജോയ് വര്‍ഷങ്ങള്‍ ലോഡ്ജുകളില്‍ എങ്ങനെ താമസിച്ചെന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന തുക സംഘാം​ഗങ്ങള്‍ക്ക് തുല്യമായാണത്രെ ഇയാള്‍ വീതംവെക്കുന്നത്. അതുകൊണ്ട് തന്നെ ജോയിയുടെ കൂടെ ഒരിക്കല്‍ കൂടുന്ന മോഷ്ടാക്കാൾ ഇയാളെ വിട്ടുപോകില്ല. ആരെയും ആക്രമിക്കില്ല. കോടതി കൂടുതല്‍ കാലം ശിക്ഷിക്കാതിരിക്കാനാണ് അക്രമ വഴി സ്വീകരിക്കാതിരിക്കുന്നത്. സ്വന്തമായി കേസ് വാദിക്കുന്ന ബുദ്ധമാനാണ് ഇയാൾ. നൂറിലേറെ മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള ജോയ് മിക്ക കേസുകളും തനിയെയാണ് വാദിക്കുന്നത്. കേസ് സസൂക്ഷ്മം പഠിച്ച്‌ പഴുതുകള്‍ കണ്ടെത്തി പൊലീസിന്റെ വാദങ്ങളെ കോടതിയില്‍ ഖണ്ഡിക്കുന്നതിലും വിരുതനാണ്.‌ കേസിലെ വാദങ്ങള്‍ തനിക്ക് എതിരായാണ് നീങ്ങുന്നതെങ്കില്‍ കുറ്റം അപ്പോള്‍ തന്നെ സമ്മതിച്ച്‌ ശിക്ഷയ്ക്ക് വിധേയനാകുന്ന തന്ത്രവും പ്രയോഗിക്കും. അടുത്ത മോഷണം ഈ പഴുതുകളും അടച്ച ശേഷമായിരിക്കും.

Related Articles

Back to top button