കറണ്ട് പോയി.. എവിടെയൊക്കെയോ ചില തട്ടും മുട്ടും… നോക്കുമ്പോൾ മൂന്ന് മോഷ്ടാക്കൾ…. വൈകിയില്ല, പഞ്ഞിക്കിട്ടു 20കാരി
കറണ്ട് പോയ തക്കംനോക്കി വീട്ടിൽ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് വീഴ്ത്തി ഇരുപതുകാരി. ഇന്ന് പുലർച്ചെ ഒന്നരക്ക് ആണ് സംഭവം. ആയോധനകലയിൽ പരിശീലനം ലഭിച്ച ഒന്നാം വർഷ ബി.എസ്. സി ബിരുദ വിദ്യാർഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ചത്. ആയോധനകലയിൽ ലഭിച്ച പരിശീലനം മോഷ്ടാക്കളുമായുള്ള മൽപ്പിടിത്തത്തിൽ തനിക്ക് തുണയായെന്ന് റിയ പറയുന്നു. ആക്രമണത്തിൽ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഗുജറാത്തിലെ ബർദോളിയിലാണ് പെൺകുട്ടി കള്ളന്മാരെ പഞ്ഞിക്കിട്ടത്.
സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛൻ ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തായിരുന്നു. അമ്മയും സഹോദരിയും ഉറക്കമായിരുന്നു. റിയ തന്റെ വാർഷിക പരീക്ഷയ്ക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരുന്ന് പഠിക്കുമ്പോഴാണ് കള്ളൻമാർ റിയയുടെ വീട്ടിൽ കയറുന്നത്.
വീട്ടിൽ അതിക്രമിച്ച് കയറിയത് മാത്രമേ മോഷ്ടാക്കൾക്ക് ഓർമ്മയുള്ളൂ. കള്ളന്മാർ വീട്ടിൽ കയറിയതും കറണ്ട് വന്നതും ഒരേ സമയത്തായിരുന്നു. ഇരുമ്പ് ദണ്ഡുമായി കള്ളൻ റിയയെ ആക്രമിച്ചു. എന്നാൽ മനസാന്നിധ്യം നഷ്ടപ്പെടാതെ റിയ കള്ളനെ ശക്തമായി നേരിടുകയായിരുന്നു. അടി കൊണ്ട് വീഴുമെന്ന് മനസിലായതോടെ കള്ളന്റെ രക്ഷയ്ക്കായി മറ്റ് രണ്ട് കൂട്ടാളികളുമെത്തി. ഇവർക്കും പൊതിരെ തല്ലുകിട്ടി. അവസാനം ഇവർ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. റിയ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.