കടലിന്റെ മക്കൾക്ക് കിട്ടിയത് 28 കോടിയുടെ തിമിംഗല ഛർദി…
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിൽ. 28 കിലോഗ്രാമും 400 ഗ്രാമും തൂക്കം വരുന്ന ആംബർഗ്രിസാണ് ഇവർക്ക് ലഭിച്ചത്. വിഴിഞ്ഞത്തെ തീരദേശത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബർഗ്രിസ് കണ്ടെത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ലഭിച്ച ആംബർഗ്രിസ് മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. മല്‍സ്യത്തൊഴിലാളികള്‍ ഇത് കിട്ടിയ ഉടന്‍ പോലീസിന് വിവരമറിയിക്കുകയായിരുന്നു.
കടലിൽ തിമിംഗലം സാന്നിധ്യം ഉണ്ടാകുമ്പോൾ കിട്ടുന്ന അതേ മണമാണ് ബോട്ടിലേറ്റിയപ്പോൾ തിമിംഗലഛര്‍ദ്ദിക്കും ഉണ്ടായിരുന്നതെന്നും സംഘത്തിലുണ്ടായിരുന്ന ലോറൻസ് എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു.
ഇതാദ്യമായാണ് തിമിംഗല ഛര്‍ദ്ദി കാണുന്നതെന്നും കണ്ടപ്പോൾ ഛര്‍ദ്ദി തന്നെയാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്നും ലോറൻസ് പറഞ്ഞു. പിന്നീട് സംഭവം ബോട്ടിലേറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയെന്ന് ഉറപ്പാക്കിയ ശേഷം മല്‍സ്യത്തൊഴിലാളികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി താൻ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നുണ്ടെന്നും എന്നാൽ തിമിംഗലങ്ങളെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും തിമിംഗല ചര്‍ദ്ദി കാണുന്നത് ഇതാദ്യമായാണെന്നും ലോറൻസ് പറയുന്നു.