കടം വീട്ടാൻ സ്വന്തം വീട്ടില്‍ കവര്‍ച്ച.. അന്വേഷണം വഴിതെറ്റിക്കാൻ മുളക് പൊടി… ഒടുവിൽ പിടിയിൽ….

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയിൽ . പരിയങ്ങാട് പുനത്തില്‍ സനീഷാണ് പ്രൊഫഷണല്‍ സ്റ്റൈലില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. ഇരുപതിനായിരം രൂപയാണ് വീട്ടിൽ നിന്ന് ഇയാള്‍ മോഷ്ടിച്ചത്.

സ്വന്തം വീട്ടില്‍ സനീഷ് ആസൂത്രണം ചെയ്തത് പ്രൊഫഷണല്‍ കവര്‍ച്ച. സ്ഥിരം കള്ളന്‍മാര്‍ സ്വീകരിക്കുന്ന മോഷണ രീതിയാണ് വീട്ടില്‍ സനീഷ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാര്‍ പുറത്ത് പോയ സമയത്തായിരുന്നു മോഷണം. വീടിന്‍റെ പുറകിലെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. അകത്ത് കയറിയ സനീഷ് മുറികളിലെ അലമാരകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും കൈക്കലാക്കി. പിന്നീട് മുറികളില്‍ മുളക് പൊടി വിതറി. വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി. എല്ലാം പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു.

പ്രൊഫഷണല്‍ കള്ളന്‍മാരാണ് മോഷണത്തിന് പിന്നിലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സനീഷിന്‍റെ ശ്രമം. പട്ടാപകല്‍ തൊട്ടടുത്ത വീട്ടില്‍ നടന്ന മോഷണം അയല്‍ക്കാര്‍ പോലും അറിയാതിരുന്നത് പൊലീസിനെ പോലും ആശ്ചര്യപ്പെടുത്തി. സംശയം തോന്നിയ പൊലീസ് സനീഷിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. നേരത്തെ വീട്ടില്‍ നിന്ന് സനീഷ് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു ഇത് പിടിക്കപ്പെട്ടില്ല. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് സനീഷ് പൊലീസിന് മൊഴി നല്‍കി. മാവൂര്‍ പൊലീസ് സനീഷിനെ കസ്റ്റഡിയിലെടുത്തു. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സനീഷിന്‍റെ വിശദീകരണം.

Related Articles

Back to top button