ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി.. വീണ വിജയനെതിരായ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്…
വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു.
ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും ഇത് ഉന്നയിച്ചതാണല്ലോ. ഞാൻ മത്സരിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഇതൊരു വലിയ ക്യാമ്പയിൻ ആകാൻ ശ്രമിച്ചിരുന്നു. അവിടെ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷമാണ് കിട്ടിയത്. കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകൻ കാരണമായതിന് ഒരു കാരണം ഇതാണ്. ‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’ അതെ പറയാനുള്ളു’- മന്ത്രി റിയാസ് പറഞ്ഞു .
അതേസമയം മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ പ്രതികരണം യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. താൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണോയെന്ന് മുഖ്യമന്ത്രി തെളിയിക്കട്ടെ. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ രംഗത്തെത്തി. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.