ഒളിവിൽ താമസിപ്പിച്ചത് കൊലക്കേസ് പ്രതിയാണെന്നറിഞ്ഞ്.. വീട് നൽകിയത് സുഹൃത്തായ അധ്യാപിക… ഭർത്താവ് വിദേശത്ത്….
പിണറായി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകൻ പുന്നാലിലെ പാറക്കണ്ടി നിജിൽദാസിന് (38), കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട് നൽകിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ ഇവിടെ നിന്ന് അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് നിജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ സ്ത്രീയും അറസ്റ്റിലായി. പുന്നാൽ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്.
ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയായിരുന്നു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. ഫോൺസംഭാഷണത്തിലെ വിവരമുൾപ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്.
അണ്ടലൂർ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് വിദേശത്താണ്. രണ്ടു വർഷം മുൻപാണ് പാണ്ട്യാലമുക്കിൽ വീട് നിർമിച്ചത്. ഹരിദാസൻ വധത്തിനുശേഷം ഒളിവിൽ പോയ നിജിൽദാസ് താമസിച്ച സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾ പ്രധാനമായും ഭാര്യയുമായി നടത്തിയ ഫോൺവിളി പിന്തുടർന്നാണ് അന്വേഷണസംഘം പിണറായിയിലെത്തിയത്. ഏതാനും ദിവസമായി മൊബൈൽ ടവർ പരിധിയിലെ ആളൊഴിഞ്ഞ വീടുകൾ നിരീക്ഷിച്ചുവരികയായിരുന്നു.
ആകെ 16 പേർ പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 14 പേർ അറസ്റ്റിലായി. കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിൻസിപ്പൽ എസ്.ഐ ടി.എം.വിപിൻ, എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.