ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി എട്ടാം ക്ലാസ് വിദ്യാർഥിനി
മാവേലിക്കര: ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലുമടക്കം ഏഴ് വർഷത്തോളമായി വിദ്യാനികേതൻ സംസ്ഥാന കലോത്സവ വേദികളിൽ നിറഞ്ഞാടിയ മാളവിക ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്. നാട്ടുകുറിഞ്ഞി രാഗത്തിൽ ഭരതനാട്യം വർണത്തിൽ ആടിത്തിമിർത്താണ് എട്ടാം ക്ലാസുകാരി മാളവിക ആയിരത്തിയൊന്ന് കുട്ടികൾക്കൊപ്പം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയത്. മാവേലിക്കര ചെട്ടികുളങ്ങര ശ്രീപാദത്തിൽ ശ്രീകുമാർ – മഞ്ജു ദമ്പതികളുടെ മൂത്ത മകളാണ് മാളവിക ശ്രീകുമാർ.
മൂന്നര വയസിൽ മാവേലിക്കര കണ്ടിയൂർ ഭരതന്റെ ശിക്ഷണത്തിൽ ആരംഭിച്ച നൃത്ത പഠനം ഇപ്പോഴും തുടരുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും കാലങ്ങളായുള്ള നിറഞ്ഞ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. ആറ് വർഷം തുടർച്ചയായി എൽപി, യുപി വിഭാഗത്തിൽ ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മാളവിക.