ഏഴു വീടുകളിൽ ചോരപ്പാടുകൾ, അസാധാരണ ശബ്ദങ്ങൾ…
എരുമപ്പെട്ടി: ആറ്റത്ര പാലം കവലയിലും ഇടമന റോഡിലെ ഏഴു വീടുകളിലും രക്തക്കറ. വീടുകളുടെ പുറത്ത് രക്തക്കറ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ റോഡിലും പരിസരങ്ങളിലും
രക്തം തുള്ളികളായി വീണത് കണ്ടെത്തി.
പുത്തൂർ വീട്ടിൽ സിജോയുടെ വീടിന്റെ പുറകുവശത്തുനിന്ന് അസാധാരണ ശബ്ദം കേട്ടിരുന്നു. വീട്ടുകാർ പുറത്തെത്തിയപ്പോൾ വാഷിങ് മെഷീൻ മറിച്ചിട്ടിരിക്കുകയായിരുന്നു. പരിസരത്ത് ചോരപ്പാടുകളും കണ്ടു. നീലങ്കാവിൽ വീട്ടിൽ ഡേവീസിന്റെ വീടിന്റെ പുറകുവശത്തും ടെറസിനു മുകളിലേക്ക് കയറുന്ന പടികളിലും ടെറസിന്റെ മുകളിലും ചോരപ്പാടുകളുണ്ട്. ഒറുവൻ മാരിയിൽ വീട്ടിൽ മനോജിന്റെ വീടിന്റെ പുറകുവശത്തെ വെള്ളം വെച്ചിരുന്ന ബക്കറ്റിലും
ചോരക്കറയുണ്ട്. മുല്ലയ്ക്കൽ വീട്ടിൽ വിഷ്ണു ലാലിന്റെ വീട്ടുമുറ്റത്തും വീടിന്റെ ടെറസിനു മുകളിലും അറ്റത്ര വീട്ടിൽ ഹരിദാസിന്റെ വീടിന്റെ മുറ്റത്തും അന്തിക്കാട്ടിൽ വീട്ടിൽ ജേക്കബിന്റെ വീട്ടുമുറ്റത്തും ചോരത്തുള്ളികൾ വീണിട്ടുണ്ട്. വിളക്കുതല വീട്ടിൽ രാജീവിന്റെ വീടിന്റെ മുൻവശത്തെ പൈപ്പിനു താഴെ വെള്ളം നിറച്ച ബക്കറ്റിലും ചോരക്കറ കണ്ടെത്തി.
എരുമപ്പെട്ടി പോലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ഇരതേടിയിറങ്ങിയ വന്യജീവികളുടെയോ ഇരകളുടേയോ ചോരത്തുള്ളികളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.