എസ്.ബി.ഐ 15 പേരുടെ അകൗണ്ടിലേക്ക് 1.5 കോടി ട്രാന്‍സ്ഫർ ചെയ്തു.. അബദ്ധത്തിൽ…

എസ്.ബി.ഐ ഉദ്യോഗസ്ഥൻ അബദ്ധത്തിൽ 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫർ ചെയ്തത് ഒന്നരക്കോടി രൂപ. സര്‍ക്കാറിന്റെ പദ്ധതിയിലുള്ള തുകയാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തത്. ഈ തുകയാവട്ടെ അബദ്ധത്തില്‍ ട്രാന്‍സ്ഫറായത് ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ്. ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി. അബദ്ധം ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞതോടെ പരാതി രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ച്‌ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. പണം ലഭിച്ച 15 പേരില്‍ 14 പേരും തുക തിരികെ നല്‍കി. എന്നാല്‍ മഹേഷ് എന്ന ജീവനക്കാരന്‍റെ അക്കൗണ്ടിലെത്തിയ പണം മാത്രം തിരിച്ചുപിടിക്കാനായിട്ടില്ല. കാരണം 10 ലക്ഷം രൂപ അക്കൗണ്ടിലെത്തിയപ്പോള്‍ മഹേഷ് ധരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രകാരം ലഭിച്ച ആനുകൂല്യമാണെന്നായിരുന്നു. വലിയൊരു തുക പിന്‍വലിച്ച്‌ ഇയാള്‍ തന്‍റെ കടംവീട്ടാന്‍ ഉപയോഗിക്കുകയും ചെയ്തു. പണം തിരികെ നല്‍കാന്‍ ബാങ്ക് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാള്‍ക്ക് സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബാങ്ക്. ഇയാളുടെ അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 6.7 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി വരുന്ന 3.3 ലക്ഷം രൂപ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആലോചനയിലാണ് ബാങ്ക് അധികൃതര്‍.

തെലങ്കാന സര്‍ക്കാറിന്റെ ദലിത് ബന്ധു എന്ന പദ്ധതിപ്രകാരം വിതരണം ചെയ്യേണ്ടിയിരുന്ന തുകയായിരുന്നു ഇത്. ദലിത് കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തുന്ന പദ്ധതികള്‍ ആരംഭിക്കാന്‍ 10 ലക്ഷം വീതം നല്‍കുന്ന പദ്ധതിയാണ് ദലിത് ബന്ധു. 100 ശതമാനം സബ്സിഡിയില്‍ നല്‍കുന്ന ധനസഹായമാണിത്. എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം ട്രാന്‍സ്ഫറായത്.

Related Articles

Back to top button