എസ്.എ.പി ക്യാമ്പിൽ ഇൻസ്പെക്ടറും എസ്.ഐയും തമ്മിൽ ഏറ്റുമുട്ടി
തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. മറ്റൊരു ഉദ്യോഗസ്ഥന് ലീവ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. ക്യാമ്പിലെ ഇൻസ്പെക്ടർ ബ്രിട്ടോയും എസ് ഐ അനിൽകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഉണ്ടായിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ കെ.എ.പി ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥന്റെ വീടിന്റെ പാലുകാച്ചായിരുന്നു. ഇതിന് അവധി ചോദിച്ചെങ്കിലും നൽകിയില്ല. നിരവധിതവണ ആവശ്യപ്പെട്ടപ്പോൾ രണ്ടുമണിക്കൂർ നേരത്തേക്ക് വീട്ടിൽ പോയി വരാൻ അനുവദിച്ചു. വീട്ടിലെത്തുമ്പോഴേക്കും പാലുകാച്ചൽ കഴിഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ സേനയിൽ ചർച്ചയാവുകയും വിമർശനം ഉയരുകയും ചെയ്തിരുന്നു. ലീവ് നൽകേണ്ടിയിരുന്നത് ആംഡ് പോലീസ് ഇൻസ്പെക്ടർ ബ്രിട്ടോയാണ്. എന്നാൽ ഇദ്ദേഹം ലീവ് നൽകിയില്ലെന്ന് മാത്രമല്ല ലീവ് നൽകാത്തത് എസ്ഐ അനിൽകുമാർ ആണെന്ന് റിപ്പോർട്ട് നൽകി. ഇതറിഞ്ഞ് എത്തിയ അനിൽകുമാറും ബ്രിട്ടോയും വാക്കേറ്റം ഉണ്ടാവുകയും അത് പിന്നീട് കയ്യാങ്കലിലേക്ക് നീങ്ങുകയും ആയിരുന്നു. ഉദ്യോഗസ്ഥരെ കമാൻഡ് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു.