എം.എൽ.എയ്ക്ക് വിളമ്പിയത് വെറും മുട്ടറോസ്റ്റ് അല്ല.. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടത്…
ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎൽഎ പി.പി ചിത്തരഞ്ജന്റെ പരാതിയിൽ ന്യായീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം
ചേർത്താണുണ്ടാക്കുന്നതെന്നും ഹോട്ടൽ അധികൃതർ ഉദ്യോഗസ്ഥരോടു പറഞ്ഞു. വിലയടക്കം ഓരോ മേശയിലും മെനു കാർഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും വ്യക്തമാക്കി.
1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്ക് ഇനത്തിലും ചെലവുണ്ടെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എം.എൽ.എ, കളക്ടർക്കു നൽകിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ ആർ. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് ഹോട്ടലിൽ ഉയർന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് സൂചന. ഇതുസംബന്ധിച്ചു ജില്ലാ സപ്ലൈഓഫീസർ കളക്ടർക്കു റിപ്പോർട്ട് നൽകി.
സ്റ്റാർ കാറ്റഗറിയിൽ ഉൾപ്പെടാത്തതാണ് ഹോട്ടൽ. കോഴിമുട്ട റോസ്റ്റിനാണ് എം.എൽ.എയിൽ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും. ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതു തടയണമെന്നു കാട്ടിയാണ് കളക്ടർക്കു ബില്ലു സഹിതം പരാതി നൽകിയത്.