ഉടമ ഉപേക്ഷിച്ചുപോയി… ഇതൊന്നുമറിയാതെ അവൻ കാത്തിരുന്നു….
എല്ലായിടത്തും നായ കടിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വർധിച്ച് വരികയാണ്. എന്നാൽ, നായകളെ പോലെ മനുഷ്യരോട് സ്നേഹവും വിധേയത്വവും കാണിക്കുന്ന മറ്റൊരു ജീവി കാണില്ല എന്നതും അംഗീകരിച്ചേ മതിയാവൂ. എത്രയോ കാലങ്ങളായി മനുഷ്യരുടെ സന്തതസഹചാരിയാണ് നായകൾ. മനുഷ്യരും തങ്ങളുടെ വളർത്തു നായകളോട് അതേ സ്നേഹം തിരിച്ചു കാണിക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു നായയ്ക്ക് ആ സ്നേഹം തിരികെ കിട്ടിയില്ല എന്ന് പറയേണ്ടി വരും.
തന്റെ ഉടമ തന്നെ ഉപേക്ഷിച്ചതാണ് എന്ന് അറിയാതെ ഒരു നായ ആ വീടിന് മുന്നിൽ കാത്തിരുന്നത് രണ്ടാഴ്ചക്കാലമാണ്. എന്നാൽ, അവന്റെ ഭാഗ്യം കൊണ്ടോ എന്തോ അയൽക്കാർ ഈ രംഗം കാണുകയും ഉടനെ തന്നെ എവർഗ്ലേഡ്സ് ഏഞ്ചൽസ് ഡോഗ് റെസ്ക്യൂവിൽ വിവരം അറിയിക്കുകയും അവരെത്തി നായയെ കൊണ്ടുപോവുകയും ആയിരുന്നു. റെസ്ക്യൂ സംഘം എത്തി നായയ്ക്ക് ഭക്ഷണവും വെള്ളവും അഭയവും നൽകി. ഒപ്പം അവന് ഒരു മുഴുവൻ മെഡിക്കൽ ചെക്കപ്പും നടത്തി. റെസ്ക്യൂ സംഘം അവന് പുതിയൊരു പേരും നൽകി സാൽവദോർ.
നായയുടെ ഉടമയും വീട്ടുകാരും പുതിയൊരു സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. ആ സമയം അവർ അവനെ കൂടെ കൊണ്ടുപോകാതെ അവിടെ ഉപേക്ഷിച്ചു. എന്നാൽ, പാവം നായ ഇതൊന്നും അറിയാതെ വീട്ടുകാരെയും കാത്ത് അവിടെ തന്നെ ഇരുന്നു. രണ്ടാഴ്ചക്കാലമാണ് ആ കാത്തിരിപ്പ് നീണ്ടത്. അവൻ ആ വീട്ടുകാരോട് വളരെ സ്നേഹമുള്ള നായയാണ് എന്നും അവിടുത്തെ രണ്ട് കുട്ടികളോട് വളരെ അധികം സ്നേഹത്തിലായിരുന്നു എന്നും അയൽക്കാർ പറഞ്ഞു.
ആദ്യം രക്ഷിച്ച സമയത്ത് റെസ്ക്യൂ സംഘത്തോട് സഹകരിക്കാത്ത സ്വഭാവമായിരുന്നു സാൽവദോറിന്. തന്റെ പ്രിയപ്പെട്ട വീട്ടുകാർ തന്നെ ഉപേക്ഷിച്ചതിലുള്ള സങ്കടവും നിരാശയും എല്ലാം അവനിൽ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവൻ അവരോട് ഇണങ്ങിക്കഴിഞ്ഞു.