ഇലന്തൂരിലെ നരബലി : റിമാൻഡ് റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട : ഇലന്തൂരിൽ നരബലിക്കിരയായ പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. റോസ്‍ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിംഗ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയത്. ആഭിചാരക്രിയയുടെ ഭാഗമായാണ് പ്രതികൾ ഇരട്ട മനുഷ്യക്കുരുതി നടത്തിയത്. ദേവ പ്രീതിക്കായിട്ടായിരുന്നു മനുഷ്യക്കുരുതി. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ലക്ഷ്യമിട്ടാണ് പ്രതികൾ കൊലകൾ നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കൊല്ലപ്പെട്ട പത്മയെ 15,000 രൂപ വാഗ്ദാനം ചെയ്താണ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഷാഫിയും ഭഗവൽ സിംഗും ലൈലയും ചേർന്ന് കഴുത്തിൽ ചരട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. തുടർന്ന് പത്മയുടെ സ്വകാര്യ ഭാഗത്ത് മുഹമ്മദ് ഷാഫി കത്തി കുത്തിയിറക്കി. കഴുത്തറുത്ത് കൊന്ന ശേഷം വെട്ടുകത്തി കൊണ്ട് മൃതദേഹം 56 കഷ്ണങ്ങളാക്കി. ഈ മുറിച്ചെടുത്ത ശരീര ഭാഗങ്ങൾ ബക്കറ്റിലാക്കി കുഴിയിലിട്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

പത്തുലക്ഷം വാഗ്ദാനം ചെയ്താണ് റോസ്‍‍ലിയെ കോട്ടയത്ത് നിന്ന് കാറിൽ എലന്തൂരിലെത്തിച്ചത്. റോസ്‌ലിയുടെ വായിൽ തുണി തിരുകിയ ശേഷം കത്തി കുത്തിയിറക്കുകയായിരുന്നു. ലൈലയാണ് റോസ്‌ലിയുടെ സ്വകാര്യ ഭാഗത്ത് കത്തി ഇറക്കിയത്. തുടർന്ന് ലൈല, റോസ്‌ലിയുടെ കഴുത്ത് അറുത്ത് മാറ്റി. ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി. തുടർന്ന് മൂന്നു പേരും ചേർന്ന് ശരീരം കഷ്ണങ്ങളാക്കി ബക്കറ്റിൽ ആക്കി നേരത്തെ തയ്യാറാക്കിയ കുഴിയിൽ ഇട്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്താനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും മൃതദേഹം മറവുചെയ്ത സ്ഥലം പ്രതികൾ കാട്ടിത്തന്നതായും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button