ഇനി ഗ്യാസും വേണ്ട, സിലിണ്ടറും വേണ്ട.. വരുന്നു അഗ്നി സഖി
നാൾക്കുനാൾ കുതിച്ചുയരുന്ന പാചകവാതക വിലയിൽ നടുവൊടിയുന്ന വീട്ടമ്മമാർക്കായി ഇതാ വരുന്നു അഗ്നി സഖി. കണ്ണൂര്‍ എന്‍ജിനിയറിങ് കോളേജ് ഒരുക്കിയ ന്യൂജെന്‍ വിറക് അടുപ്പുകളാണ് ഇത്. പരമ്പരാഗതമായ പോരായ്മകളെ ഒഴിവാക്കി തികച്ചും അത്യാധൂനികമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു എല്‍.പി.ജി സിലിന്‍ഡറിന്റെ ഒരു വീട്ടിലെ ശരാശരി ഉപയോഗം 45 ദിവസം ആണെങ്കില്‍ അത്രയും ഊര്‍ജം ഈ പുതു അടുപ്പിലൂടെ ലഭിക്കാന്‍ വേണ്ടത് വെറും 55 കിലോ വിറക് ആണെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
അഗ്നി സഖി എന്ന് പേരിട്ടിരിക്കുന്ന പുതു അടുപ്പിന് വെറും 160 രൂപയില്‍ താഴെ മാത്രമാണ് ചെലവുവരുന്നത്. എത്രപേര്‍ക്ക് പാചകം ചെയ്യുന്നു എന്നതനുസരിച്ചും ഈ അടുപ്പുകളുടെ ശേഷി വര്‍ധിപ്പിക്കാനും സാധിക്കും. ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന വിറകിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ ശേഷി തീരുമാനിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന അടുപ്പുകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജ് ഇത്തരത്തിലുള്ള ഒരു സംരംഭം ഏറ്റെടുത്തത്. 40 വര്‍ഷത്തോളമായി എന്‍ജിനിയറിങ് രംഗത്തുള്ള റിട്ട.പ്രൊഫസര്‍ മുകുന്ദയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് അഗ്നി സഖി അടുപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ആവശ്യമനുസരിച്ച് ചൂട് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ നൂതന അടുപ്പില്‍ ക്രമീകരിച്ചിരിക്കുന്ന രണ്ടുവായു വിതരണ സംവിധാനങ്ങള്‍ പൂര്‍ണ ജ്വലനവും സാധ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഇതില്‍ അതിവേഗ പാചകവും നടക്കുന്നു. പേരിന് മാത്രം മലിനീകരണമുള്ള ഈ അടുപ്പ് ഇജെക്ടര്‍ എന്ന സാങ്കേതിക വിദ്യയിലൂടെ ന്യൂനമര്‍ദ്ദ മേഖല സൃഷ്ടിക്കുകയും ഇത് വിറകിനെ പൂര്‍ണതോതില്‍ കത്തിക്കാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഒന്നര കിലോയില്‍ കുറവായ വിറകു കൊള്ളി കൊണ്ട് പുകയോ കരിയോ ഇല്ലാതെ പാചകം സാധ്യമാക്കുന്നു എന്നതാണ് അഗ്നി സഖി അടുപ്പുകളുടെ പ്രത്യേകതയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വിപണിയില്‍ ഇത് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.