ഇത് ഒരു പ്രതികാരത്തിന്റെ കഥ.. ഇടിച്ചവരായാലും സൂക്ഷിച്ചോ… നടുറോഡിലൊരാൾ കാത്തിരിപ്പുണ്ട്….

തൃശൂർ: റോഡരികിലെ നിത്യ കാഴ്ചയാണ് തെരുവുനായ്‌ക്കൾ.പൊതുവെ അക്രമാസക്തരല്ലാത്ത നായ്‌ക്കൾ ഭൂരിഭാഗം യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ തെരുവിൽ നിന്ന് കിട്ടുന്നത് കഴിച്ച് ജീവിക്കുന്നു. തൃശൂർ പെരുമ്പിലാവ് സെന്ററിൽ നാട്ടുകാർക്ക് കൗതുക കാഴ്ചയൊരുക്കി ഒരു നായ ഉണ്ട്. കഴിഞ്ഞ രണ്ട് വർഷമായി പതിവ് തെറ്റിക്കാത്ത ദിനചര്യയാണ് അവനെ ആളുകൾ ശ്രദ്ധിക്കാൻ കാരണം. ദിവസവും രാവിലെ അഞ്ചരയ്‌ക്കും ആറിനുമിടയിൽ പെരുമ്പിലാവ് സെന്ററിലെ മിൽമ ബൂത്തിലെത്തുമ്പോൾ നായ കുരച്ചോടും, ചെറുകാറുകൾക്ക് പിന്നാലെ പായും.

കുറച്ചു സമയത്തിനു ശേഷം സ്ഥലം വിടുകയും വൈകുന്നേരം ഇതേസമയത്തു മടങ്ങിയെത്തി സംഗതി തുടരുകയും ചെയ്യും. ഈ വിചിത്ര സംഭവത്തിന് പിന്നിലെ കാരണം തേടിയവർക്ക് അറിയാൻ കഴിഞ്ഞത് ഒരു പ്രതികാരത്തിന്റെ കഥയാണ്.

രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്തു ഈ തെരുവുനായയെ ഒരു കാർ ഇടിച്ചുവീഴ്‌ത്തി. അന്ന് ഗുരുതരമായി പരിക്കേറ്റ നായയെ പെരുമ്പിലാവിലെ വ്യാപാരികളും നാട്ടുകാരും ചേർന്നാണു രക്ഷിച്ചതും ശുശ്രൂഷിച്ചതും. അന്നു മുതൽ നായ അവിടെയായി താമസം. പകലും രാത്രിയും പലയിടത്തായി കറങ്ങി നടന്നാലും രാവിലെയും സന്ധ്യയ്‌ക്കും നായ പെരുമ്പിലാവ് സെന്ററിലെത്തും. നേർത്ത വെളിച്ചമുള്ള സമയത്തായിരുന്നു രണ്ട് വർഷം മുൻപു നായയെ വണ്ടിയിടിച്ചത്. തന്നെ ഇടിച്ചുവീഴ്‌ത്തിയ കാറിനെ കണ്ടെത്താൻ എന്ന മട്ടിൽ നായ സംസ്ഥാന പാതയോരത്തിരിക്കും. ചെറുകാറുകളെ ഉറ്റുനോക്കി കുരച്ചു കൊണ്ടു പിന്നാലെയോടും. മറ്റു വാഹനങ്ങളെയോ യാത്രക്കാരെയോ ഉപദ്രവിക്കില്ല. രാവിലെയും സന്ധ്യയ്‌ക്കും അരമണിക്കൂർ വീതമുള്ള ഓട്ടത്തിനു ശേഷം എങ്ങോട്ടോ പോകും. പിറ്റേന്നു മടങ്ങിയെത്തും. പണ്ടൊരിക്കൽ തന്നെ മൃതപ്രാണനാക്കിയ കാർ കണ്ടെത്താൻ കാത്തിരിക്കുന്ന നായ ഇന്നും നാട്ടുകാർക്ക് ഒരു കൗതുക കാഴ്ചയാണ്.

Related Articles

Back to top button