ഇത് എന്റെ മീനല്ല… എന്റെ മീൻ ഇങ്ങനെ അല്ല….
കോട്ടയം: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിൽ കോട്ടയം കഞ്ഞിക്കുഴിയിൽ ഉള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ. ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
സംഭവത്തിൽ, ഫ്രാഞ്ചൈസിയുടെ പേര് വെച്ച് മറ്റ് ചിലർ പഴകിയ മത്സ്യ വിൽപ്പനക്ക് വെച്ചതാണ് കാരണമെന്ന് ധർമ്മജൻ പ്രതികരിച്ചു.
ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചെെസികള്‍ക്ക് എത്തിച്ചു കൊടുക്കാറുള്ളത്. ധര്‍മൂസ് ഫിഷ് ഹബ്ബ് എത്തിക്കാത്ത മീനും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇത്തരത്തിൽ, വില്‍പ്പന നടത്തുന്നവരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കുമെന്നും ധർമ്മജൻ പറഞ്ഞു. അതേസമയം, പരിശോധനയിൽ ഇവിടെ നിന്നും പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.