ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് 3 വയസ്സുകാരി
ആലപ്പുഴയിൽ കടൽത്തീരത്ത് കളിക്കുന്നതിനിടെ 3 വയസ്സുകാരി തിരയിൽപെട്ടു. കടൽപാലത്തിന് തെക്കാണു സംഭവം. കൈനകരിയിലെ തോട്ടുവാത്തലയിൽ നിന്ന് അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയ കുട്ടി അപ്രതീക്ഷിതമായി തിരയിൽപെടുകയായിരുന്നു. മുങ്ങിപ്പോയ കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് രക്ഷിച്ചു. ലൈഫ് ഗാർഡ് ബിജു ചാക്കോയുടെ നേതൃത്വത്തിൽ പി.എ. അനിൽകുമാർ, എസ്.ഷിബു, വിനോദ്, സന്തോഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തീരത്ത് എത്തിച്ച കുട്ടിക്ക് ടൂറിസം പൊലീസ് എ.എസ്.ഐ പി.ജയറാം, കോസ്റ്റൽ വാർഡൻ റോബിൻ, സി.പി.ഒ ബിജു വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ നൽകി.