ആദ്യരാത്രി കഴിഞ്ഞു സ്വർണവും പണവുമായി മുങ്ങിയ യുവാവ്, ആദ്യ ഭാര്യയുടെ വീട്ടിൽ നിന്ന് പിടിയിൽ
കായംകുളം: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വർണവും പണവുമായി മുങ്ങിയ യുവാവിനെ ആദ്യ ഭാര്യയുടെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. വധുവിന്റെ പിതാവിന്റെ പരാതിയിൽ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അറസ്റ്റ്. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റെയും ഷീജയുടെയും മകൻ അസറുദ്ദീൻ റഷീദിനെ (30)യാണ് ആദ്യം വിവാഹം ചെയ്ത ചേപ്പാട് സ്വദേശിനിയായ ഹിന്ദു യുവതിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
പഴകുളം സ്വദേശിനിയുടെ വീട്ടിൽ നിന്നാണ് ഇയാൾ സ്വർണവും പണവുമായി മുങ്ങിയത്. ജനുവരി 30ന് പകൽ 12ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. മതാചാര പ്രകാരം നടന്ന വിവാഹ ശേഷം ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. എന്നാൽ 31ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താൻ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ വധൂഗൃഹത്തിൽ നിന്നും ബൊലീറോ ജീപ്പിൽ കയറിപ്പോയത്.
ഇയാൾ പോയിക്കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായി. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. തങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചത്. ഇയാൾ ഇവിടെ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നാല് പേർക്കെതിരെ കേസെടുത്തു.