ആദ്യരാത്രി കഴിഞ്ഞു, പുലർച്ചെ അയാൾ പോയി, സ്വർണവും പണവുമായി

കായംകുളം: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വർണവും പണവുമായി മുങ്ങിയ യുവാവിനെ തേടി പൊലീസ്. വധുവിന്റെ പിതാവിന്റെ പരാതിയിൽ വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റെയും ഷീജയുടെയും മകൻ അസറുദ്ദീൻ റഷീദാണ് പഴകുളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയത്.ജനുവരി 30ന് പകൽ 12ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. മതാചാര പ്രകാരമാണ് വിവാഹം നടന്നത്. തുടർന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി.31ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താൻ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ വധൂഗൃഹത്തിൽ നിന്നും ബൊലീറോ ജീപ്പിൽ കയറിപ്പോയത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ നവവരൻ പോകാറില്ലെന്ന് വീട്ടുകാർ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണ് അപകടത്തിൽപ്പെട്ടതെന്നും സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീൻ പോയതെന്ന് വധുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഇയാൾ പോയിക്കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യമൊക്കെ എടുത്തു. ആശുപത്രിയിലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ച്ഡ് ഓഫായി.തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. ആ വീട്ടിൽ അടച്ചുറപ്പുള്ള മുറിയെന്ന നിലയിൽ മണിയറയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. ഇതാണ് അസറുദ്ദീൻ എടുത്തു കൊണ്ടുപോയതത്രേ.തങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. വരന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ഓടിപ്പാഞ്ഞ് സ്ഥലത്ത് വന്ന മാതാപിതാക്കൾ മകന്റെ ചെയ്തിയോർത്ത് തളർന്നിരുന്നു. വിശദമായി അന്വേഷിച്ചപ്പോൾ അസറുദ്ദീൻ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.എന്നാൽ, ഇക്കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് മാതാപിതാക്കൾ ആണയിട്ട് പറയുന്നു. ഉത്തരേന്ത്യൻ സ്വദേശിനിയുമായിട്ടാണ് ഇയാൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button