അവൾ അമ്മയായി, 10 വയസ്സുകാരിക്ക് പിതാവ് നൽകിയ സമ്മാനം- പെൺകുഞ്ഞ്
തിരുവനന്തപുരം: കളിച്ചുനടക്കേണ്ട പ്രായത്തിൽ താൻ ഒരു അമ്മയായി എന്ന് അവൾ തിരിച്ചറിഞ്ഞിട്ടില്ല. യാഥാർത്ഥ്യം ആ കുരുന്ന് എങ്ങനെ ഉൾക്കൊള്ളുമെന്നും അറിയില്ല. പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി ഇന്നൊരു പെൺകുഞ്ഞിന് ജന്മം നൽകി. മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഈ മാസം ഏഴിന് ഒരു ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗൗരവത്തോടെ കണ്ട ഹൈക്കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പെൺകുട്ടിയെ പരിശോധിച്ച് രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഉചിതമായ നടപടി സ്വീകരിക്കാൻ മെഡിക്കൽ ബോർഡിന് അനുമതി നൽകിക്കൊണ്ട് മാർച്ച് പത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്.പിതാവിന്റെ ക്രൂരതയ്ക്കിരയായ ആ പത്തുവയസ്സുകാരിയുടെ 31 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകയായ കബനി ദിനേശ് മുഖേനെ പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.