അമ്മ ഫ്രീഫയര്‍ ഗെയിം ഡിലിറ്റ് ചെയ്തു.. എട്ടാം ക്ലാസുകാരന്‍ വീട്ടുസാധനങ്ങൾ തല്ലിത്തകർത്തു… വീടുമുഴുവൻ മണ്ണെണ്ണയൊഴിച്ച്‌…..

വടക്കാഞ്ചേരി – ഓണ്‍ലൈന്‍ ഗെയിമായ ‘ഫ്രീഫയര്‍’ മൊബൈല്‍ ഫോണില്‍ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിൽ എട്ടാം ക്ലാസുകാരന്‍ കാട്ടിക്കൂട്ടിയത് കേട്ടാൽ ഞെട്ടും. ആറാം ക്ളാസില്‍ പഠിക്കുന്ന അനുജത്തിക്കും അമ്മക്കും ഒപ്പമാണ് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ താമസം. അച്ഛന്‍ വിദേശത്താണ്. ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങള്‍ അറിയാന്‍ വിളിച്ചിരുന്ന അച്ഛനോട് മകന്‍ തന്‍റെ മൊബൈൽ ഫോൺ വേണമെന്ന ആവശ്യം ഉന്നയിച്ചു. മകന്റെ ആഗ്രഹപ്രകാരം അച്ഛന്‍ ഒരു മൊബൈല്‍ വാങ്ങികൊടുത്തത്. എന്നാൽ അമ്മയറിയാതെ അവന്‍ ഗെയിമുകള്‍ ഡൌണ്‍ലോഡ് ചെയ്തു. പിന്നീട് ഊണും ഉറക്കവുമില്ലാതെ അവന്‍ കളിയില്‍ മുഴുകി.

അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഗെയിമില്‍ മാത്രം ഒതുങ്ങികൂടിയ അവന്‍ മാനസികമായി വഴിതെറ്റുകയായിരുന്നു. അമ്മയെ അനുസരിക്കാതെയായി. ഇതോടെ അമ്മ അവന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങി അതിലെ ഗെയിമുകളും കോണ്‍ടാക്റ്റ് നമ്പരുകളും ഡിലിറ്റ് ചെയ്തു. ഇതോടെയാണ് അവൻ ആക്രമാസക്തനായത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. അവന്‍ അടുക്കളയില്‍ പോയി മണ്ണെണ്ണയെടുത്ത് വീട്ടില്‍ മുഴുവന്‍ ഒഴിച്ച്‌ എല്ലാം കത്തിക്കുമെന്ന് പറഞ്ഞ് അലറി. തീപ്പെട്ടി തെരഞ്ഞു പോയ സമയംകൊണ്ട് അമ്മ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു. സംഭവത്തിന്‍റെ ഗുരുതര സ്വഭാവം മനസ്സിലാക്കി ഉടന്‍ തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്.സജിത്ത്മോന്‍, ഹോം ഗാര്‍ഡ് സന്തോഷ്.കെ എന്നിവർ വീട്ടിൽ എത്തി.

വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചായിയിരുന്നു. വീടുമുഴുവൻ മണ്ണെണ്ണയൊഴിച്ച്‌ സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമില്‍ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥര്‍ അനുനയത്തില്‍ സംസാരിച്ച്‌ വാതിലില്‍ തട്ടികൊണ്ടിരുന്നു. തുടര്‍ന്ന് അവനോടു നല്ലരീതിയില്‍ പ്രതികരിച്ച്‌ അവന് മൊബൈല്‍ തിരിച്ചുതരാമെന്നും ഡിലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബര്‍ സെല്‍ മുഖേന ഉടന്‍ തന്നെ തിരിച്ചെടുക്കാമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അവന് വാഗ്ദാനം നല്‍കി. അതോടെ അവന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഉടന്‍ തന്നെ കുട്ടിയെ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍ അവന് ചികിത്സയും കൗണ്‍സിലിങ്ങും തുടര്‍ന്നു വരികയാണ്. ഇപ്പോള്‍ വളരെ മാറ്റമുണ്ട്. അതിന്‍റെ ആശ്വാസത്തിലാണ് അമ്മയും അനുജത്തിയും വിവരങ്ങൾ എല്ലാം അറിഞ്ഞ അച്ഛനും.

Related Articles

Back to top button