അമ്മയുടെ മൃതദേഹവുമായി 10 വയസ്സുകാരൻ വീട്ടിൽ കിടന്നുറങ്ങിയത് നാലു ദിവസം
അമ്മയുടെ മൃതദേഹവുമായി 10 വയസ്സുകാരൻ വീട്ടിൽ കിടന്നുറങ്ങിയത് നാലു ദിവസം. സ്വകാര്യ സ്കൂളിലെ അധ്യാപിക രാജ്യലക്ഷ്മി(41)യാണ് മരിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി അമ്മ മരിച്ചതറിയാതെ പതിവുപോലെ സ്കൂളിൽ പോയി. വെള്ളിയാഴ്ച രാത്രി കുട്ടിയുടെ അമ്മാവൻ സുഖവിവരം അറിയാൻ വിളിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി അമ്മ ഉറങ്ങുകയാണെന്നും അമ്മാവൻ വീട്ടിൽ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും കുട്ടി ആവശ്യപ്പെട്ടു. എന്തോ പന്തികേടുണ്ടെന്ന് തോന്നി ഇയാൾ സഹോദരിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് രാജ്യലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്പോഴേക്കും മൃതദേഹം അഴുകിയ നിലയിലായിരുന്നു. മാർച്ച് എട്ടിന് വൈകിട്ട് അമ്മ തറയിൽ വീണുകിടക്കുന്നത് കണ്ടതായി കുട്ടി പറയുന്നു. കുട്ടിക്ക് നേരിയ ബുദ്ധിമാന്ദ്യമുണ്ട്. മറ്റുള്ളവരുമായി ഇടപഴകാറില്ല. പ്രാഥമിക പോസ്റ്റ്മോർടെം റിപോർട് പ്രകാരം ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. രാജ്യലക്ഷ്മിയുടെ മരണം സ്വാഭാവികമാണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ സ്ഥിരീകരിച്ചു. തമിഴ്നാട് എം.ആർ പല്ലെ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാനഗർ കോളനിയിലാണ് സംഭവം. വിജയവാഡയിൽ താമസിക്കുന്ന ഭർത്താവുമായുള്ള അകൽചയെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി രാജ്യലക്ഷ്മി മകനോടൊപ്പം വേറിട്ട് താമസിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.