അമ്മക്ക് പിന്നാലെ മകളും യാത്രയായി…

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. അന്നേ ദിവസം രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവർ എത്തിയപ്പോൾ പുക ഉയരുന്നത് കണ്ടു. വീടിന്റെ ജനൽ ചില്ലുകളും കതകും പൊളിച്ചു നോക്കിയപ്പോഴാണ് പൊള്ളലേറ്റ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അർച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അർച്ചന സുഡാനിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നു.

Related Articles

Back to top button