അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി
മാവേലിക്കര- അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് മാവേലിക്കര എക്സൈസ് സംഘം 2 കിലോ കഞ്ചാവ് പിടികൂടി. ചെട്ടികുളങ്ങര പേളാ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് 2 കിലോ കഞ്ചാവ് കണ്ടെടുത്തത്. ബീഹാർ സ്വദേശികളായ പർവാത് റാം, സുനിൽ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
സുനിൽ ദാസ് ആവശ്യപ്പെട്ട പ്രകാരം പർവാത് റാം കഴിഞ്ഞ ദിവസം ബീഹാറിൽ നിന്നും നാട്ടിൽ എത്തിച്ചതാണ് കഞ്ചാവ്. പ്രതികളെ ദിവസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പ്രദേശത്ത് രാത്രികാല പരിശോധനകൾ ശക്തമാക്കുകയും മഫ്തിയിൽ രഹസ്യവിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതികളെ കൈയ്യോടെ പിടികൂടാൻ സഹായിച്ചത്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ മണിയൻ ആചാരി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെ, ജിയേഷ്.ടി, മുഹമ്മദ് മുസ്തഫ.ടി, ശ്രീജിത്ത്.ആർ, ഡ്രൈവർ ബിജു.കെ.പി എന്നിവർ പങ്കെടുത്തു.