അത് സംഭവിച്ചത് കഴിഞ്ഞ ദിവസം രാത്രിയിലാണ്, കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും പ്രത്യക്ഷപ്പെട്ടു
ദിവസങ്ങള്‍ക്കു മുമ്പ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹാജിയാര്‍ വളവിലെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടന്നിരുന്നു. ഇവിടുത്തെ കിടപ്പു മുറിയില്‍ നിന്ന് സ്വര്‍ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. ഫെബ്രുവരി 21നാണ് തെഞ്ചീരി അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടില്‍ നിന്ന് നാലര പവന്‍ സ്വര്‍ണവും 72,000 രൂപയും മോഷണം പോയത്. വീട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യ കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണവും പണവും മോഷണം പോയതറിയുന്നത്. പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് എത്തി കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് അത് സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും പ്രത്യക്ഷപ്പെട്ടു.
രാത്രിയില്‍ മുറിയുടെ ജനല്‍പാളി തുറന്നിട്ട നിലയിലായിരുന്നു. രാത്രി എട്ടരയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുറന്നിട്ട ജനല്‍പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് വീട്ടുകാര്‍. സ്വര്‍ണവും പണവും ലഭിച്ചതറിഞ്ഞ് സ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. പണവും സ്വര്‍ണവും പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.