അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40.കി.മീ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പ്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ തലസ്ഥാന ജില്ലക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയർപോർട്ടിൽ 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.