അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയായി
അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയായി. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള യുവാവ് വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ വീടിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. അല്‍പസമയത്തിന് ശേഷം കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മയാണ് സംഭവം ആദ്യംകണ്ടത്. ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഒഡീഷയിലെ പുരിയിലാണ് സംഭവം. ജഗത്‌സിംഗ്പൂര്‍ സ്വദേശിയാണ് പ്രതി. പീഡനത്തിനിരയായ കുട്ടി നിലവില്‍ കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മോശമായതോടെയാണ് കട്ടക്കിലേക്ക് മാറ്റിയത്. പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.